2011 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

മുത്തശ്ശി ഒരോര്‍മ്മ...

വിമാനത്താവളത്തില്‍  നിന്നും തറവാട്ടിലേക്കുള്ള യാത്ര... കാറിന്റെ തുറന്നിട്ട ജാലകവാതിലിലൂടെ മുഖത്തേക്ക് അടിച്ചു കയറുന്ന ഇളം തണുപ്പുള്ള വായൂ പ്രവാഹം... അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ്... പ്രവാസത്തിന്റെ തിരക്കില്‍ നിന്നും, മരുക്കാറ്റില്‍ നിന്നും ഒരുപാടകലെ സസ്യശ്യാമളമായ ദൈവത്തിന്റെ സ്വന്തം നാട്.... ആ വായൂ പ്രവാഹത്തില്‍ അല്‍പ്പനേരം ഞാന്‍ എന്നെത്തന്നെ മറന്നിരുന്നുപോയി...


ഇപ്പോള്‍ എന്തിനാണ് പ്രവാസത്തിന്റെ നൂറുകൂട്ടം തിരക്കുകള്‍ മാറ്റിവെച്ചു ഇത്ര തിടുക്കപ്പെട്ടു നാട്ടിലേക്ക് ഒരു യാത്ര.... മുത്തശ്ശിക്ക് സുഖക്കേട്‌ കൂടുതലാണ് എന്നറിഞ്ഞപ്പോള്‍ എന്റെ മനസ്സ് എന്തിനാണ് ഇത്രയും ആലോസരമായത്... അറിയില്ല....!!!! മാതാപിതാക്കള്‍ ജീവനമാര്‍ഗ്ഗം തേടി ഗ്രാമത്തിന്റെ കുളിരിനെയും, പുഴയും ഉപേക്ഷിച്ചു നഗരത്തിലേക്ക് കുടിയേറിയപ്പോള്‍ മുത്തശ്ശിയുടെ കയ്യില്‍ നിന്നും ഞാനും അടര്‍ത്തിമാറ്റപ്പെടുകയായിരുന്നു... പല ഏകാന്തമായ പകലുകളിലും, എത്രയോ വട്ടം ഞാനീ മുത്തശ്ശിയുടെ ലാളനയ്ക്കായി കൊതിച്ചിട്ടുണ്ട്... ആ മടിയില്‍ തലചായ്ച് കഥകള്‍ കേട്ടുറങ്ങാന്‍ എത്രയോ രാവുകളില്‍ കൊതിച്ചിട്ടുണ്ട്... 


ഇന്ന് ഞാനും യെവ്വനം ഉപേക്ഷിച്ച് കടല്‍ കടന്നു പ്രെവാസത്തിന്റെതായ വാര്‍ധക്ക്യം എടുത്തണിഞ്ഞു കഴിഞ്ഞിരിക്കുന്നു.... അത് ഞാന്‍ സ്വയം എടുത്തണിഞ്ഞതാണോ....? അതോ, കാലത്തിന്റെ കുത്തൊഴുക്കില്‍ വിധിയെന്ന കളവിനെ കൂട്ടുപിടിച്ച്  അനിയപ്പെട്ടതാണോ...? ഇല്ല ഇതിനു എനിക്കുത്തരമില്ല... അങ്ങിനെ ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുടെ കൂടെ ഇതും മയങ്ങട്ടെ എന്റെ മനസ്സിലെ ഇരുട്ടുപിടിച്ച ആ താഴ്വരയില്‍ .... 


 "പറഞ്ഞ സ്ഥലം എത്തി"  ഡ്രൈവറുടെ ഉച്ചത്തിലുള്ള ആ ആത്മഗെതം കേട്ടാണ് ഞാന്‍ എന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്... എന്തിനാവണം അയ്യാള്‍ ഇത്രയും ഉച്ചത്തില്‍ പറഞ്ഞത്...? ചിലപ്പോള്‍ ഞാന്‍ യെമദേവനോടൊപ്പം  ആകാശ സീമകള്‍ താണ്ടാനുള്ള യാത്ര തുടങ്ങി എന്ന് ആ പാവം പേടിച്ചു കാണും... പാവം മനുഷ്യന്‍...


തറവാടിന്റെ മുറ്റം നിറയെ ആള്‍ക്കൂട്ടം... വെത്യസ്തങ്ങളായ  ഒരായിരം മുഖങ്ങള്‍... എങ്കിലും അവിടെയെല്ലാം ഒരുതരം ഭയപ്പെടുത്തുന്ന മൂകത കളിയാടുന്നതായി തോന്നി... വീടിന്റെ പിന്നില്‍ മുത്തശ്ശിമാവിന്റെ ചുവട്ടിലൂടെ ഒഴുകുന്ന ആ പുഴയും ഇന്ന് ഏറെ ശാന്തയാണെന്ന് തോന്നി...
"എല്ലാം കഴിഞ്ഞു"  ഒരു വൃദ്ധന്‍ എന്റെ തോളുകളില്‍ കൈ വെച്ച് എന്നെ ആശ്വസിപ്പിക്കാനെന്നോണം എന്നോട് പറഞ്ഞു....
"അവസാനായി ഒരുനോക്കു കാണാന്‍ വിധിചില്ല്യ... പാവം കുട്ടി"   കൂടിനിന്നിരുന്നവരില്‍ ആരോ സ്വകാര്യം പറയുന്നത് ഞാന്‍ ഒരു സ്വപ്നത്ത്തിലെന്നോണം കേട്ടു...


കൂടിനില്‍ക്കുന്നവരില്‍ എന്റെ സഹോദരങ്ങളും, ബന്ധുജെനങ്ങളും ഉണ്ടായിരിക്കണം... ഞാന്‍ ആരുടേയും മുഖത്തേക്ക് നോക്കിയില്ല... എനിക്ക് അതിനു കഴിയുമായിരുന്നുമില്ല... ഒരു പരാജിതനെ പോലെ തലകുനിച്ച് ആ നാലുകെട്ടിലേക്ക് ഞാന്‍ നടന്നു കയറി... വെള്ള മുണ്ടില്‍ പൊതിഞ്ഞു തേജസ്സറ്റ ഒരു മാംസപിണ്ഡം മാത്രമായി ഇതാ എന്റെ മുത്തശ്ശി... എന്റെ കണ്ണുകളില്‍ രണ്ടു സൂര്യന്മാര്‍ ഒരേസമയം ഉദിച്ച്  രണ്ടു ഗോളങ്ങളായി ആ വൃദ്ധയുടെ നിശ്ചല പാദങ്ങളില്‍ പതിച്ചു... ഇക്കാലമത്രയും ഞാന്‍ നേടുവാന്‍ കൊതിച്ച ആ സ്നേഹവും വാത്സല്യവും എല്ലാം ചേര്‍ത്ത് ആ വൃദ്ധയുടെ ചുളിഞ്ഞ നെറ്റിത്തടത്തില്‍ ഒരു ചുംബനം നല്‍കി... കുനിഞ്ഞ ശിരസ്സും, നിറഞ്ഞ മിഴികളുമായി ഞാന്‍ ആ പുഴയുടെ തീരത്തേക്ക് നടന്നു... ഏകാന്തതയില്‍ ഒന്നുറക്കെ പൊട്ടിക്കരയാന്‍ മാത്രം... 


1 അഭിപ്രായം: