2016 മേയ് 19, വ്യാഴാഴ്‌ച




വിണ്ണിലെ സൂര്യനും,
ഇങ്ങുതാഴെ
പട്ടിണിപ്പാടവും ചുവക്കുന്നു...
ഇതുദയമാണ്
മാനവരാശിതന്‍
ചിന്തകളിലേക്ക്... 
 

2016 മാർച്ച് 24, വ്യാഴാഴ്‌ച

 
 
 
ദാഹജലം വറ്റി,
നാവുവരണ്ടു,
മരണശയ്യയില്‍
മാനം നോക്കി
മലര്‍ന്നു കിടക്കുമ്പോള്‍
ആകാശ മേഘങ്ങളെ നോക്കി
പെറ്റിട്ടത് ചാപിള്ളയാണെന്ന്
പിറുപിറുത്തിരുന്നു
ഓരോ പുഴയും...
 

2016 മാർച്ച് 23, ബുധനാഴ്‌ച




വസന്തമെത്തിനോക്കാത്ത
പൂമരക്കൊമ്പില്‍
തൂങ്ങിയാടുന്നുണ്ട്,
ഒരു ബാല്യം...
 
ചീഞ്ഞു നാറുന്നുണ്ട്,
പുഴുവരിക്കുന്നുണ്ട്,
കുപ്പത്തൊട്ടിയില്‍
നരകിക്കുകയുമാവാം
ഭാരത സംസ്ക്കാരം...
 

2016 മാർച്ച് 22, ചൊവ്വാഴ്ച

 
 
 
 
കടം കയറി
മുച്ചൂടും മുടിഞ്ഞു,
അച്ഛനൊരു വഴികണ്ടിട്ടുണ്ട്....
 
പ്രായമായ പെണ്മക്കള്‍
നാലുണ്ട് വീട്ടില്‍
അവിവാഹിതരായി,
അച്ഛനൊരു വഴി കണ്ടിട്ടുണ്ട്....
 
കൊയ്തും നിലച്ചു,
പാടവും വരണ്ടു,
മഴ നാട് മറന്ന മട്ടാണ്,
അച്ഛനൊരു വഴി കണ്ടിട്ടുണ്ട്....
 
അരവയര്‍ മാറി,
മുഴു വയറായി
എന്നും വൃതമാണ്...
അച്ഛനൊരു വഴികണ്ടിട്ടുണ്ട്...
 
തെക്കേ പറമ്പിലെ
മൂവാണ്ടന്‍ മാവില്‍
ചേലകള്‍ പാറി ക്കളിക്കുന്നുണ്ട്...
 
ചേലക്ക് കീഴെ,
ഭാരമില്ലാത്ത ആത്മാവുകള്‍...
നിറം വറ്റിയ,
വയറൊട്ടിയ,
വെറും ആത്മാവുകള്‍....
 

2016 മാർച്ച് 21, തിങ്കളാഴ്‌ച

രാത്രികളില്ലാത്ത
കോണ്ക്രീറ്റ് കാടുകള്‍ക്ക്
നടുവില്‍ ,
നിഴലുകള്‍ തേടി
മേനി നിറയെ
ചായം തേച്ച്
ശരീരവടിവുകാട്ടി
ഇരയെ തേടുന്ന
അഭിസാരികയാണ്
എനിക്കെന്‍റെ കവിത...

പച്ച മാംസം മണക്കുന്ന,
വിശപ്പിന്റെ
വിഴുപ്പുചുമക്കുന്ന,
രാവില്‍ വിരിഞ്ഞുവാടുന്ന,
വെറുമൊരു അഭിസാരിക,
പച്ചയായ മണ്ണിന്‍റെ
നഗ്നമായ ഉടലുപോലെ...

2016 മാർച്ച് 16, ബുധനാഴ്‌ച

നിലാവ്





നിലാവ്,
നിറമില്ലാത്തൊരു പടുവൃക്ഷമാണ്, 
മോഹങ്ങള്‍ വറ്റിവരണ്ട 
പുഴയിലേക്ക്, വേരുകളാഴ്ത്തി
നഗ്നത കാട്ടിച്ചിരിക്കുന്ന
ദയയില്ലാത്തൊരു കോമാളി....
 

നീയും ഞാനും....


 
നീയും ഞാനും,
തേടിയലഞ്ഞത്‌
വാചാലതയുടെ
മഴത്തുരുതുകള്‍...
 
എന്‍റെ മൌനം
തച്ചുടച്ച
കുപ്പിവളപ്പൊട്ടുകള്‍
നിന്‍റെ സ്വപ്നങ്ങളായിരുന്നു,
അതെന്‍റെ ആത്മാവും.....
 
പകലുകളൊക്കെ
ഇരുണ്ടൊടുങ്ങി
ദാഹിച്ചു മരിക്കുന്നു,
മഴയും പുഴയും....
 
എന്‍റെ ആത്മശാന്തിക്കായ്
എനിക്കൊരു
ബലി നല്‍കണം....
 
ഹൃദയങ്ങളുടെ വേരറ്റുപോയ
എനിക്കാരു
ബലി നല്‍കുവാനാണ്...
 
ഇരുളിലെങ്ങോ
മഴതുരുത്തുകള്‍
അടക്കി ചിരിക്കുന്നുണ്ട്,
നിന്‍റെ സീമന്തരേഖയിലെ
സിന്ദൂരം പോലെ....
 
നീയും ഞാനും
വെറും മൌനമാണ്,
മരണത്തേക്കാള്‍
വാചാലമായ മൌനം....