ആകാശത്തിലേക്ക് പുകച്ചുരുളുകള്‍ പറത്തി ചീറിപ്പായുന്ന വാഹനങ്ങളുടെയും, സ്വന്തം നിഴലിനെപ്പോലും കാണാന്‍ മടിക്കുന്ന തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ഊളിയിടുന്ന ഒരുകൂട്ടം മനുഷ്യരുടെയും ശബ്ദകോലാഹലം സൃഷ്ട്ടിക്കുന്ന കച്ചവടക്കാരുടെയും നഗരം... ആ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അല്‍പ്പമകലെ ഒരു വിജനമായ ഇടനാഴിയില്‍ ഒരു പെണ്‍കുട്ടി... അനാഥത്വത്തിന്റെ പുറംചട്ടയണിഞ്ഞ തെരുവിന്റെ മകള്‍
അവളുടെ പകലുകള്‍ വിശപ്പിന്റെയും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും ആയിരുന്നു... അവളറിയാതെ അവളുടെ രാവുകള്‍ ചൂഷണം ചെയ്യപ്പെട്ടു... ഒരല്‍പ്പം വിയര്‍പ്പും ഹ്രസ്വമായ ഒരു കിതപ്പും സമ്മാനിച്ചു പലരും അവളുടെ ചൂട് പങ്കിട്ടെടുത്തു...
അഴുക്കുചാലുകളുടെ കൂട്ടുകാരിയായി, തെരുവുനായ്ക്കളുടെ സഹയാത്രികയായി അവള്‍ ദിനങ്ങള്‍ തള്ളിനീക്കി... അവളുടെ കുഞ്ഞുമനസ്സിലും ഒരായിരം സ്വപ്‌നങ്ങള്‍ നാമ്പിട്ടു കരിയുന്നുണ്ടായിരുന്നു... അമ്മയും, അച്ഛനും കുടുംബവും എല്ലാം... എന്നാല്‍ അതിനെക്കാളേറെ ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി അവള്‍ എന്നും പ്രാര്‍ഥിച്ചു...
കാലത്തിന്റെ കുത്തൊഴുക്കില്‍ നഗരത്തിന്റെ നഗരത്തിന്റെ തിരക്കുകള്‍ അധികരിച്ചു... കാലം അവളിലും രാസമാറ്റങ്ങള്‍ വരുത്തി കടന്നുപോയി... മാറിയുടുക്കുവാന്‍ ഒരു വസ്ത്രം പോലുമില്ലാതെ അവള്‍ ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്ക് ചുവടുകള്‍ വെച്ചു...
ചൂഷകരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരുന്നു... ഒരു ഭക്ഷണപ്പൊതിക്കൊപ്പം ഒരു കുഞ്ഞു ജീവനെ അവള്‍ക്കുള്ളില്‍ നിക്ഷേപിച്ച്, ഒരു കിതപ്പിനെ സാക്ഷിയാക്കി ഒരു നിശായാത്രികന്‍ നടന്നകന്നു... തന്റെ ഉള്ളിലെ രാസമാറ്റങ്ങള്‍ അറിയാതെ അവള്‍ തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് യാത്ര തുടര്‍ന്നു...
സമൂഹത്തിന്റെ കപട സദാചാരകയ്യുകള്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടി... അവര്‍ അവളെ പരസ്യ വിചാരണചെയ്തു... ഇരുട്ടിന്റെ മറപറ്റി അവളുടെ ചൂട് പങ്കിട്ടെടുത്തവര്‍ പകലുകളില്‍ അവളെ കല്ലെറിഞ്ഞു... നിറകണ്ണുകളോടെ അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു "ഞാന്‍ പിഴച്ചവളല്ല"... നാഗരികതയുടെ കോലാഹലങ്ങളില്‍ അവളുടെ ശബ്ദം അലിഞ്ഞില്ലാതെയായി... അവളുടെ വിലക്കപ്പെട്ട പകലുകള്‍ക്ക് കണ്ണുനീര്‍ചാലുകള്‍ ശാന്തിയെകി...
അവളുടെ ചിന്തകളില്‍ നോവിന്റെ അഗ്നിജ്വാലകള്‍ നൃത്തമാടി... അവളുടെ മാതൃത്ത്വം ചിന്തകളുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് അവളെ നയിച്ചു... ഒരുപക്ഷെ തന്റെ ഉള്ളില്‍ തുടിക്കുന്നത് ഒരു പെണ്‍ജീവനെങ്കില്‍ ഈ സമൂഹം അവളെയും കടിച്ചുകീറില്ലേ...???? അവളുടെ ഉള്ളില്‍ ഒരായിരം ചോദ്യശരങ്ങള്‍ എയ്തു തറക്കപ്പെട്ടു... ഭൂമിയില്‍ വന്നുപിറക്കാന്‍ മോഹിച്ചു തന്റെയുള്ളില്‍ നാമ്പിട്ട ആ ജീവനോട് അവള്‍ക്കു സഹതാപം തോന്നി...
രാവിന്റെ മറപിടിച്ച് തന്റെ ഉദരം മറച്ച് അവള്‍ നഗരത്തിന്റെ തിരക്കിലൂടെ ഏകയായി നടന്നു... ഒടുവില്‍ ചീറിപ്പാഞ്ഞുവരുന്ന ഒരു തീവണ്ടിയുടെ "കട" "കട" ശബ്ദത്തില്‍ അവളുടെ എല്ലാ ദുഖങ്ങളെയും, ആവലാതികളെയും അതോടൊപ്പം അവളുടെ ഉള്ളില്‍ നാമ്പിട്ട ആ ശാപത്തിന്റെ വിത്തിനേയും അവള്‍ ഹോമിച്ചു... എന്നെന്നേക്കുമായി അവളുടെ കണ്ണുനീര്‍ച്ചാലുകള്‍ അവിടെ കൊട്ടിയടക്കപ്പെട്ടു...
അപ്പോഴും നഗരത്തിന്റെ തിരക്കുപിടിച്ച ഇടനാഴികളില്‍ നിശാനിലയങ്ങളില്‍ മദ്യത്തിന്റെയും നിറങ്ങള്‍ നിറഞ്ഞ ഗാനങ്ങളുടെയും അകമ്പടിയോടെ സ്ത്രീസമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ ജീവിതം സമര്‍പ്പിച്ചവര്‍ ആടിത്തിമിര്‍ത്തുകൊണ്ടിരുന്നു... അവളുടെ നിലച്ച കണ്ണുനീര്‍ത്തുള്ളിയുടെ വിലയറിയാതെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ