വലതുകയ്യിലെ മോതിര വിരലില്‍ അണിഞ്ഞ ദെര്‍ഭയില്‍ നിന്നും അപ്പോഴും നനവ് മാറിയിരുന്നില്ല... മകളുടെ ശേഷക്രിയ നടത്താന്‍ വറ്റിവരണ്ട പുഴയുടെ തീരത്തേക്ക് നടന്നടുക്കുമ്പോഴും കണ്ണുനീര്‍ വറ്റിയിട്ടുണ്ടായിരുന്നില്ല. വറ്റിവരണ്ട പുഴയുടെ മാറിലേക്ക് ബലിതര്‍പ്പണം ചെയ്ത് കൈനനച്ച് ആകാശത്തേക്ക് നോക്കി കയ്യടിച്ചുനില്‍ക്കുമ്പോഴും മനസ്സ് എങ്ങോ അലഞ്ഞുകൊണ്ടിരുന്നു... ആത്മാവുറങ്ങുന്ന കറുത്ത പട്ട് പുതച്ച കാകന്മാര്‍ക്കായി ഏറെനേരം കാത്തിരുന്നിട്ടും അവയൊന്നും വിണ്ടുകീറിയ പുഴയുടെ മാറിലേക്ക് പറന്നിറങ്ങിയില്ല...
മകളേ മാപ്പ്...
ഓര്‍മ്മവെച്ച നാള്‍മുതല്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നു, അച്ഛാ പുഴ മരിക്കുന്നു, കൂടെ നമ്മളും...
എന്നിട്ടും പുഴയുടെ ഹൃദയം വിറ്റ് അവളുടെ പട്ടിണി മാറ്റി... മാറുചുരത്തുന്ന പുഴയുടെ മാറിലേക്ക് തന്നെ കത്തികയറ്റി, മധുരം തന്ന മാറില്‍നിന്നും രെക്തം വരെ ഊറ്റിഎടുക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഇങ്ങിനെ ഒരു വിധി കാത്തിരിക്കുന്നതായി... ഞാന്‍ കയറ്റിയ കത്തി തീര്‍ത്ത കയങ്ങളില്‍ ഒന്ന് ഒരു ഇടവപ്പാതിയില്‍ എന്റെ പൊന്നോമനയെ കവര്‍ന്നെടുക്കുന്നത് കണ്ടുനില്‍ക്കേണ്ടിവന്നവന്റെ ദുരവസ്ഥ, എനിക്കീ ശിക്ഷ മതിയാകില്ല...
കണ്ണുനീരൊഴുകി മരവിച്ച കവിള്‍ത്തടങ്ങളിലേക്ക് തെറിച്ചുവീഴുന്ന മഴത്തുള്ളികള്‍ , അവ എന്നിലേക്ക് ആഴത്തില്‍ പകര്‍ന്നിറങ്ങി... ആ മഴത്തുള്ളികള്‍ തീര്‍ത്ത ചാലുകള്‍ക്ക് അകമ്പടിയായി ഞാനും പതിയെ നടന്നു, വിണ്ടുകീറിയ പുഴയുടെമാറിലേക്ക്...
അപ്പോഴും ബലിത്തറയില്‍ മഴനീരില്‍ കുതിര്‍ന്ന്‍ മൂന്നുരുളചോറ് ബലിക്കാക്കകളുടെ വരവിനായി കാത്തിരുന്ന് മുഷിയുന്നുണ്ടായിരുന്നു...
മകളേ മാപ്പ്...
വാക്കുകള്‍ക്കിടയില്‍ ചിതറിയ ചോരത്തുള്ളികള്‍...
മറുപടിഇല്ലാതാക്കൂ