2013 ജൂൺ 10, തിങ്കളാഴ്‌ച

ഒരു മഴ കൂടി....

അന്നൊരിയ്‌ക്കല്‍ മഴ ചതിച്ചപ്പോഴാണ് അയ്യാള്‍ക്ക് ആകെയുണ്ടായിരുന്ന കിടപ്പാടം കൂടി നഷ്ട്ടമായത്. ബാങ്കില്‍ വീട് പണയം വെച്ച് മകളെ പഠിപ്പിയ്ക്കുമ്പോള്‍ ചതിയ്ക്കാന്‍ കോപ്പുകൂട്ടി കാത്തിരുന്ന മഴയുടെ കണക്കുകൂട്ടലുകള്‍ കാണുവാന്‍ കഴിഞ്ഞില്ല... പിന്നീട് ശേഷിച്ച നെല്‍പ്പാടങ്ങള്‍ വിറ്റുപെറുക്കി ഈ മലഞ്ചെരുവില്‍ ഒരല്‍പം സ്ഥലവും ഒരു ചെറിയ വീടും... 

നഴ്സിംഗ് കോളേജ്‌ വിദ്യാര്‍ഥികള്‍ സമരം ആണെന്ന് അറിഞ്ഞപ്പോള്‍ ഭാര്യയാണ് അയ്യാളെ നിര്‍ബന്ധിച്ചത്, "അവിടെ മകള്‍ ഒറ്റയ്ക്കല്ലേ ഉള്ളൂ, അത്രടം വരെ ഒന്ന് പോയി അന്വേഷിക്കരുതോ" എന്ന്....

മകളെയും കൂട്ടി മടക്കയാത്രയ്ക്കായി സ്റ്റേഷനില്‍ ട്രെയിനിന്‍റെ ചൂളം വിളിയ്ക്കായ്‌ കാതോര്‍ത്തുനില്‍ക്കുമ്പോഴാണ് പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ടെലിവിഷനിലേയ്ക്ക് അയ്യാളുടെ ശ്രെദ്ധ തിരിഞ്ഞത്... "കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിക്കടുത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു, ആറോളം വീടുകള്‍ ഒലിച്ചുപോവുകയും ചെയ്തു. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് രെക്ഷാപ്രവര്‍ത്തനം നടത്തുന്നു" ഇടയ്ക്കിടയ്ക്ക് മിന്നി മറയുന്ന ഫ്ലാഷ് ന്യൂസ് അയ്യാളുടെ കണ്ണുകളില്‍ നനവ്‌ പടര്‍ത്തി... ടെലിവിഷനില്‍ ദുരന്ത സ്ഥലങ്ങളും, രെക്ഷാപ്രവര്‍ത്തനവും തത്സമയ സംപ്രേഷണം നടത്തുകയാണ്... പെറ്റമ്മ മരിച്ചാല്‍ വരെ ലൈവ് കാട്ടി കാശുണ്ടാക്കുന്ന വര്‍ഗ്ഗം ആണ്, പിന്നെ എട്ട് ജീവന്‍ വെടിഞ്ഞത് ആഖോഷിയ്ക്കാതെ ഇരിക്കുമോ..

"ഈശ്വരാ......."
അയ്യാളുടെ കണ്ണുകളില്‍ ഇരുട്ടുകയറി... ടെലിവിഷന്‍ സ്ക്രീനില്‍ മിന്നി മറയുന്ന ദുരന്ത ബാധിത പ്രദേശങ്ങളുടെ ഇടയില്‍ തകര്‍ന്നടിഞ്ഞ തന്‍റെ വീടും...

തന്നെയും മകളെയും കാണാന്‍ കാത്തിരുന്ന തന്‍റെ ഭാര്യ...!!!
റെയില്‍വേ സ്റ്റേഷനും, തിരക്ക്‌ പിടിച്ച് ചിന്നി ചിതറി പരക്കം പായുന്ന മനുഷ്യരും അയ്യാളുടെ തലയ്ക്കു ചുറ്റും ഒരു മുഴക്കം തീര്‍ത്ത്‌ കറങ്ങി നിന്നു... കാല്‍ വഴുതി ട്രാക്കിലേയ്ക്ക് വീണ അയ്യാളുടെ ചിന്തകളും, വേദനകളും ചൂളം വിളിച്ച് കടന്നു വന്ന ഒരു തീവണ്ടിയുടെ "കട, കട" ശബ്ദത്തില്‍ അലിഞ്ഞില്ലാതെയായി... 

തന്‍റെ മകളുടെ ഉച്ചത്തിലുള്ള നിലവിളികള്‍ക്ക് പോലും അയ്യാളെ ഉണര്‍ത്തുവാനുള്ള കഴിവുണ്ടായിരുന്നില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ