2013 ജൂൺ 15, ശനിയാഴ്‌ച

വാകപ്പൂവുകള്‍

ബാല്യ കൌമാരങ്ങളില്‍ എന്നോ നിറമുള്ള ഒരു വളപ്പൊട്ടുപോലെ വീണുകിട്ടിയതാണ് നന്ദിതയുടെ ചില കവിതകള്‍ , അവയെന്നെ ചിന്തിക്കാന്‍ പഠിപ്പിച്ചു, പ്രണയിക്കാന്‍ പഠിപ്പിച്ചു, വിരഹം എന്താണെന്ന് പഠിപ്പിച്ചു... സത്യം ഇതൊന്നുമല്ല ഞാന്‍ ആ വരികളോട് പ്രണയത്തിലാവുകയായിരുന്നു... ഒരിക്കലും കാണാതെ ഒന്ന് മിണ്ടാതെ നന്ദിതയുടെ വരികള്‍ എന്നെ പ്രണയത്തിലേക്ക് വലിച്ചിടുകയായിരുന്നു ഒരുതരം കാന്തികവലയം പോലെ... അക്ഷരങ്ങളെ പ്രണയിച്ച് അവയോട് വിരഹം തീര്‍ത്ത്‌ അങ്ങിനെ അങ്ങിനെ...

എന്‍റെ ഈ വരികള്‍ വിരഹത്തിന്റെ വാനമ്പാടി
നന്ദിതയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു... 
കൈവിരലുകളിലൂടെ ഇറ്റുവീഴുന്ന മഴ
മാറിലൂടെ ഒഴുകിയകലുന്ന ഈറന്‍ സ്വപ്‌നങ്ങള്‍
പെയ്തൊഴിഞ്ഞത് പ്രണയമോ മഴയോ
ഒലിച്ചിറങ്ങിയത് മഴയോ മരണമോ അറിയില്ല
 
മഴയിറ്റുവീണ പുഴയും പിന്നെ
പ്രണയം പകര്‍ന്ന ഹൃദയവും മരിച്ചിരിക്കുന്നു
മരണത്തിന്‍റെ മരവിപ്പുമൂലം
തൂലികയില്‍ പോലും രെക്തഗെന്ധം

അങ്ങകലെ എങ്ങോ ഗുല്‍മോഹര്‍ -
മരങ്ങള്‍ക്ക് കീഴെ അവള്‍ കാത്തിരുന്നു
പെയ്തുതീരുന്ന ചുവന്ന പൂക്കള്‍ കൊണ്ട്
അവള്‍ വരണമാല്യം തീര്‍ത്തിരുന്നു

പ്രണയവും വാകയും പെയ്തുതീരുന്നു
മഴയുടെ സീല്‍ക്കാരത്തോടൊപ്പം
മഞ്ഞുപോലെ അലിഞ്ഞുപോകുന്ന
അവളുടെ ഒരുപിടി ഓര്‍മ്മകള്‍ മാത്രമകലെ...

വിരഹം തീര്‍ക്കുവാന്‍ മാത്രം
പെയ്തുതോരുന്ന വാകപ്പൂവുകള്‍
അവയെന്റെ ശിലാഗൃഹത്തില്‍
മാലകളായി ചാര്‍ത്തി അവളെന്നെ പ്രണയിച്ചു...

ഒടുവിലൊരു ചിതല്‍പുറ്റായി
അവളെന്നില്‍ അലിഞ്ഞുചേര്‍ന്നു
ഒരു മഴയിലൂടെ എന്നിലേക്കവള്‍
ലെയിച്ചില്ലാതെയായി... 

  

1 അഭിപ്രായം: