2012 ഫെബ്രുവരി 15, ബുധനാഴ്‌ച

"അതെ ഞാനാണ് സമൂഹം..."



ആകാശ ഗോപുരങ്ങള്‍ക്ക് സമാനമായ കരിങ്കല്‍ മതിലുകള്‍ തീര്‍ത്ത ഇരുട്ടറയില്‍ അസ്തമന സൂര്യന്റെ ചുവപ്പ് പടര്‍ന്നു ചിന്നിച്ചിതറുന്ന കിരണത്തിന്‍ പ്രഭയില്‍ കണ്ണുകളില്‍ കരുണയൊളിപ്പിച്ച ഒരു നിഴല്‍ രൂപം... അതെ പച്ചയായ മനുഷ്യന്റെ നിഴല്‍ രൂപം... സംസ്കാര ഉന്നതിതന്‍ പടു-വൃക്ഷ ശിഖരങ്ങളില്‍ പിച്ചിച്ചീന്തി തൂക്കിലേറ്റപ്പെട്ട പെണ്മക്കളെ ഓര്‍ത്തു പൊട്ടിക്കരഞ്ഞും, ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, രാഷ്ട്രീയ ചേരികള്‍ തിരിഞ്ഞു അഭിനവ കുരുക്ഷേത്രം തീര്‍ത്തു സ്വന്തം ആത്മാവിനോടു അടരാടുന്ന സമൂഹത്തെ നോക്കി ദിക്കുകള്‍ നടുങ്ങുമാറ് പൊട്ടിച്ചിരിച്ചും ഇരുട്ടിന്റെ കാരാഗ്രഹത്തിനുള്ളില്‍ ചങ്ങലക്കൂട്ടത്തിന്റെ ആശ്ലേഷം ഏറ്റുവാങ്ങി പ്രതികരണ ശേഷി മരിക്കാത്ത പച്ചയായ മനുഷ്യന്റെ നിഴല്‍ രൂപം... 

നീട്ടി വളര്‍ത്തിയ നഖവും ചോരക്കറ പിടിച്ച് കൂര്‍ത്ത പല്ലുകളും കാട്ടി ആര്‍ത്തട്ടഹസിച്ചു അലറിയടുക്കുന്ന സമൂഹതിന്മക്കെതിരെ പ്രതികരണം എന്ന പടവാളുമായി പോരിനിറങ്ങിയ നിഴല്‍രൂപം... പ്രതികരിക്കാന്‍ മറന്നു സ്വയം ചെകുത്താന്മാരാകുന്ന നമ്മള്‍ എന്ന സമൂഹവും, സത്യവും ധര്‍മ്മവും നീതിയും പൊടിപിടിച്ചിരിക്കുന്ന പുസ്തകത്താളുകളില്‍ മാത്രം സൂക്ഷിക്കുന്ന നീതിപീഠവും ചേര്‍ന്ന് ഭ്രാന്തിന്റെ ആടയാഭരണങ്ങള്‍ അണിയിച്ച് കാരാഗൃഹത്തിലടച്ച നിഴല്‍ രൂപം... 

കൂരിരുള്‍ പടികടന്നു കയറാന്‍ ആ കാരാഗൃഹ കല്‍പ്പടവുകള്‍ താണ്ടി വെളിച്ചത്തിലേയ്ക്കു നടക്കുമ്പോള്‍ ഞാന്‍ അറിയുന്നു... അതെ എന്റെനഖങ്ങളും നീളുവാന്‍ തുടങ്ങിയിരിക്കുന്നു, എന്റെ പല്ലുകളും കൂര്‍ത്ത് പുറത്തേക്കുതള്ളിയിരിക്കുന്നു... എന്റെ നിശ്വാസത്തില്‍ ചോര മണക്കുന്നു... അതെ ഞാന്‍ തിരിച്ചറിയുന്നു... "അതെ ഞാനാണ് സമൂഹം..."

1 അഭിപ്രായം: