പുഴവക്കിലെ പൂഴിമണലില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ച് നടന്നു നീങ്ങുമ്പോഴും, തിളയ്ക്കുന്ന മണല്‍ത്തരികള്‍ കാല്‍പ്പാദത്തിനെ കാര്‍ന്നുതിന്നുന്നതിലും വേദന മനസ്സിനായിരുന്നു. എന്‍റെ ബാല്യകാല ഓര്‍മ്മകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ പുഴ വറ്റിവരണ്ട് ആദ്മദാഹം പൂണ്ടുകിടക്കുന്നതില്‍... കുട്ടിക്കാലത്തിലെ പുഴയുടെ തീരങ്ങള്‍ക്ക് മുത്തശ്ശിക്കഥകളിലെ ഗന്ധര്‍വ്വസാമീപ്യമറിയുന്ന കൈതപ്പൂക്കളുടെ മണമായിരുന്നു... ഇന്നോ അത് എരിഞ്ഞുതീരാത്ത ചിതകളുടെ ഗെന്ധത്തിനു വഴിമാറിയിരിയ്ക്കുന്നു... നാസികകളില്‍ തുളച്ചുകയറുന്ന പച്ചമാംസമുരുകുന്ന ഗെന്ധം നട്ടുച്ചയിലും എന്‍റെ കണ്‍പോളകള്‍ക്കുള്ളിലെ വെളിച്ചത്തില്‍ കരിനിഴല്‍ വീഴ്ത്തിത്തുടങ്ങിയിരിയ്ക്കുന്നു...
തെങ്ങിന്‍തോപ്പുകള്‍ തിങ്ങിനിന്നിരുന്ന ഇടുങ്ങിയ ഇടവഴിയോരങ്ങള്‍ ദുര്‍ഗെന്ധം വമിയ്ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്ക് വഴിമാറിയിരിയ്ക്കുന്നു... അവിടെമാകെ ചിതലരിയ്ക്കുന്ന ചിതകളുടെ ഗെന്ധം പരന്നുനിന്നിരുന്നു... സായാഹ്ന സൂര്യരെശ്മികളെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് ഒരല്‍പം അഹങ്കാരത്തോടെ ആ വന്മരങ്ങള്‍ തലയുയര്‍ത്തി നിന്നിരുന്നു... ആ ഇടുങ്ങിയ ഇടവഴികള്‍ താണ്ടി വയല്‍വരമ്പിലൂടെ നടന്നുവേണം തറവാട്ടിലെത്താന്‍, നോക്കെത്താദൂരത്തോളം പൊന്നുവിളയിച്ചുകിടന്ന നെല്‍പ്പാടങ്ങള്‍ കരിമ്പട്ടുപുതച്ച് മരുഭൂമി പോലെ ഭൂമിയുടെ ദാഹത്തിന്‍റെ ആഴങ്ങളോളം വിള്ളലുകള്‍തീര്‍ത്തു കിടന്നിരുന്നു, ഇടയില്‍ പച്ചപ്പുതേടി എല്ലുന്തിയ രണ്ട് നാല്‍ക്കാലികള്‍ നടന്നുനീങ്ങുന്നുണ്ടായിരുന്നു... കുളപ്പുരയും, കല്‍പ്പടവുകളും ഉടഞ്ഞ് വറ്റിവരണ്ട കുളക്കടവും താണ്ടി ഞാന്‍ പടിപ്പുര ലെക്ഷ്യമാക്കി നടന്നു...
എന്നും എന്‍റെ തിരിച്ചുവരവുകള്‍ക്ക് സാക്ഷിയായി പടിപ്പുര വാതിലില്‍ചാരി തെല്ല് പരിഭവത്തോടെ കാത്തുനിന്നിരുന്ന മുത്തശ്ശിയുടെ ചിതയ്ക്കുമേല്‍ വാരിവിതറിയിരുന്ന പൂക്കളില്‍ ചിതലരിച്ചുതുടങ്ങിയിരുന്നു... ബാല്ല്യകാലത്തിലെ ഏകാന്തമായ രാ-പകലുകളില്‍ തലയില്‍ തലോടി കഥചൊല്ലിത്തന്നിരുന്ന മുത്തശ്ശിയുടെ ഓര്‍മ്മകളും പേറി തെക്കിനിയിലെ മുറി ലെക്ഷ്യമാക്കി നടന്നു... മുത്തശ്ശിയുടെ മരണത്തോടെ ആ വലിയ തറവാട്ടില്‍ തെക്കിനിയിലെ ആ കുടുസ്സുമുറിമാത്രം മരണപ്പെടാത്ത എന്‍റെ ഏക ബന്ധുവായി അവശേഷിച്ചു... എന്‍റെ ഓരോ കാല്‍വെയ്പ്പുകളിലും ശബ്ദമുണ്ടാക്കി ഗോവണിപ്പടികള്‍ പരിഭവം അറിയിച്ചുകൊണ്ടിരുന്നു... കിഴക്കേചക്ക്രവാളത്തിലേയ്ക്ക്തുറന്നിട്ട ജാലകവാതിലിനുമുന്നില്‍ അടഞ്ഞുകിടന്ന തെക്കിനിമുറി... വെളിച്ചം പരക്കുന്നതിന് മുന്‍പുതന്നെ വയലിലേയ്ക്ക് കൂട്ടമായി ചെറുമിപ്പെണ്ണുങ്ങള്‍ നടന്നുനീങ്ങാറുള്ള വഴിത്താരകള്‍ ഇവിടെ ഈ ജാലകവാതിലിലൂടെ ദിനവും മനസ്സിലേയ്ക്ക് പകര്‍ത്തിയിരുന്ന ഓര്‍മ്മകളെ ഒരു ദീര്‍ഖനിശ്വാസത്തിന്‍റെ അകമ്പടിയോടെ പുറത്തേയ്ക്ക്തള്ളി തെക്കിനിയിലേയ്ക്ക് നടന്നു...
എന്‍റെ ബാല്യവും കൌമാരവും യവ്വനവും ഇരുട്ടിന്കൂട്ടായി ഞാന്‍ ജീവിച്ചുതീര്‍ത്ത എന്‍റെമാത്രം സാമ്രാജ്യം... അവിടെ മുഴുവന്‍ മാറാലകെട്ടിയിരുന്നു, ആ അടഞ്ഞുകിടന്ന മുറിയ്ക്കുളില്‍ മനസ്സിനെ തളയ്ക്കുന്ന ഗെന്ധം നിറഞ്ഞുനിന്നിരുന്നു, ചിതലരിയ്ക്കുന്ന ചിതകളുടെ ഗെന്ധം... ചിതല്‍ കാര്‍ന്നുതിന്ന കാലുകളുടെ സ്ഥാനത്ത് നശിച്ച് നിലംപതിച്ചു കിടക്കുന്ന കട്ടിലിനു ചാരെ കുറെ തപാല്‍ കവറുകള്‍ കൂട്ടിയിട്ടിരുന്നു, അവയില്‍ പകുതിയിലേറെയും ചിതലരിച്ചുകഴിഞ്ഞിരുന്നു, എല്ലാം ഒരേ മേല്‍വിലാസത്തില്‍ നിന്നും ഉള്ളവ... മുകള്‍ത്തട്ടില്‍നിന്നും ചിതല്‍പുറ്റ്തുടച്ചുമാറ്റി ഒരു കവര്‍ ഞാന്‍ കയ്യിലെടുത്തു, ഒരു വിവാഹക്ഷെണക്കത്ത്... കണ്ണുനീര്‍ത്തുള്ളി വീണിട്ടാകണം അതിലെ അക്ഷരങ്ങളുടെ വക്കുടഞ്ഞിരുന്നു, ശേഷമുള്ളവ എന്‍റെ മിഴികളില്‍നിന്നും അടര്‍ന്നുവീണ രണ്ടുതുള്ളി ചുടുബാഷ്പ്പങ്ങളാല്‍ പടര്‍ന്നുതുടങ്ങിയിരുന്നു... ഒരുകാലത്ത് എന്‍റെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായി ഞാന്‍ കരുതിയിരുന്ന, എന്‍റെ മാത്രം പെണ്ണെന്ന് ഈ ലോകത്തോട് മുഴുവന്‍ ഉറക്കെ വിളിച്ചുപറഞ്ഞവളുടെ വിവാഹക്ഷണക്കത്ത്... ഇന്നവള്‍ മറ്റാരുടെയോ ശയ്യ അലങ്കരിക്കുന്നു...
അവിടെ എന്‍റെതായി അവശേഷിച്ചിരുന്നത് എന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ പേറുന്ന ചിതലരിച്ചുകഴിഞ്ഞ ഒരു മരപ്പെട്ടിയും, കുറെ പുസ്തകങ്ങളും, ചിതലരിയ്ക്കുന്ന ചിതകളുടെ മണം വമിയ്‌ക്കുന്ന കുറെ ഓര്‍മ്മകളും മാത്രം... മുത്തശ്ശിയുടെ ചിതയ്ക്ക് സമീപത്തായി അവയ്ക്കും ചിതയൊരുക്കുമ്പോള്‍ ആ അഗ്നിയില്‍നിന്നും പുറത്തുവരുന്ന കറുത്തിരുണ്ട പുകപടലങ്ങള്‍ക്കും അതേ ഗെന്ധമായിരുന്നു, പച്ചമണ്ണില്‍ തീപിടിയ്ക്കുന്ന ഗെന്ധം അതെ ചിതലരിയ്ക്കുന്ന ചിതകളുടെ ഗെന്ധം... മറ്റൊരുസൂര്യോദയത്തിനായി കാത്തുനില്‍ക്കാതെ ഒഴിഞ്ഞ പടിപ്പുരതാണ്ടി വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍ മനസ്സുനിറയെ ചിതലരിയ്ക്കുന്ന ചിതകളുടെ ഗെന്ധമായിരുന്നു, വിരിയാതെ കൊഴിഞ്ഞുവീണ കുറെ സ്വപ്നങ്ങളുടെ ഗെന്ധം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ