2014 മാർച്ച് 23, ഞായറാഴ്‌ച

തൂലികച്ചിത്രം...!!!

 


തൂലികത്തുമ്പില്‍ വിഷം നിറച്ചെന്‍
ഹൃദയഭിത്തികളില്‍ ചിത്രംവരയ്ക്കുന്നു...
നോവിന്റെ പാടുകള്‍ കഴുകിക്കളയുവാന്‍-
നിന്‍ പുതുസ്വപ്നങ്ങളെ നിദ്രാഹീനമാക്കുവാന്‍
 
പൊള്ളുന്നൊരീ വേനലില്‍
പെയ്തുതോര്‍ന്നൊരീ രാത്രി-
മഴക്ക് കൂട്ടായെന്‍റെയൊടുക്കത്തെ
കണ്ണുനീര്‍ തുള്ളിയും കഴുകിക്കളയുന്നു...
 
ഇനിനിന്‍ സ്വപ്നങ്ങളിലെന്‍
നിഴല്‍രൂപങ്ങള്‍ കോലംകെട്ടി അഗ്നി-
നൃത്തമാടാതിരിക്കുവാന്‍, ഇനിയീ-
ചിത്രങ്ങള്‍ക്കെന്‍ ജീവന്‍ പകുത്തുനല്‍കുക...
 
എന്നോര്‍മ്മകളീ ചിത്രകൂടക്കനവുകളില്‍-
മാത്രമുറങ്ങുവാന്‍, ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കുവാന്‍...
ഇനിയെന്‍ തിളക്കുമീ തൂലികത്തുമ്പില്‍-
പിടയുവാനെന്‍ ഹൃദയം കാത്തിരിക്കുന്നുപോലും...
 
അലിഞ്ഞിറങ്ങുമോരോ വിഷ കണികളെയും
സസന്തോഷം എതിരേല്‍ക്കുവാനെന്നപോല്‍
എന്‍ പ്രജ്ഞയിലൊരുതുള്ളി ഇരുട്ടുപടരുന്നു...
മഴമേഖങ്ങള്‍ പെയ്യാന്‍ കൊതിക്കുന്നപോല്‍....
 
നിന്നോര്‍മ്മകള്‍ തച്ചുതകര്‍ത്തൊരീ കിനാക്കള്‍ക്ക്-
കട്ടപിടിച്ചൊരിരുള്‍ രൂപം കൈവരുന്നുപോലും...
ഇനിനിന്‍റെ കണ്‍പീലികള്‍ നനയാതിരിക്കുകില്‍-
ഇനിയെന്‍ തൂലികയെന്നും നിശ്ചലം...

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ