നക്ഷത്രങ്ങളില്‍ നിന്നും
മഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു...
മരണവാതില്‍തുറന്ന്‍ രാപ്പാടികള്‍-
നക്ഷത്രങ്ങളെ മറച്ചുപറന്നു...
രാപ്പാടികളുടെ ചിറകുകളില്‍ തട്ടി
മഞ്ഞുകണങ്ങള്‍ ഒരു പേമാരി തീര്‍ത്തു...
എന്നെ തഴുകി ഭൂമിയിലേക്ക് പതിച്ച-
മഞ്ഞുകണങ്ങള്‍ക്ക് കട്ടപിടിച്ച-
രെക്തത്തിന്റെ നിറമായിരുന്നു...
ഭൂമിയില്‍ പതിച്ചവ ചുവന്ന-
പൂക്കളായ് മേലേക്കുയര്‍ന്നു...
നക്ഷത്രങ്ങള്‍ എന്നെനോക്കി
കണ്ണുചിമ്മി ചിരിക്കുമ്പോള്‍
രാപ്പാടികള്‍ കൂട്ടമായ് പറന്നൊഴിഞ്ഞിരുന്നു..
ഇളം കാറ്റിലുലയുന്ന ചെമ്പട്ടുപോല്‍
ഭൂമിനിറയെ ചുവന്ന പൂവുകള്‍...
മരണത്തിന്‍റെ ചിറകടിയൊച്ച
മെല്ലെ അടുക്കുവാന്‍ തുടങ്ങി...
ഈ നക്ഷത്രങ്ങളെയും പൂക്കളെയും വിട്ട്-
ഞാന്‍ എങ്ങോട്ട് പോകുവാനാണ്...
മരണത്തിന്‍റെ കൂര്‍ത്ത ചുണ്ടുകള്‍
എന്‍ നെഞ്ചിലേക്കാഴ്ന്നിറങ്ങും മുന്‍പേ
എന്നെ ആരോ തള്ളിമാറ്റി...
സ്വപ്നഭൂവില്‍നിന്നടര്‍ന്നു വീണ ഞാന്‍-
പതിച്ചത്, പുഴകള്‍ മരുഭൂമിയായ
മോഹങ്ങള്‍ വറ്റിയ ഭൂമിയുടെ മാറിലേക്ക്...
പക്ഷെ മരണം വിരുന്നുവന്ന്‍ മടങ്ങിയിരുന്നു...
എന്‍ മിഴികളില്‍ തിളങ്ങിനില്‍ക്കാന്‍
ചുവന്ന പൂക്കളുടെ മാത്രം
ഒരു പൂക്കാലം ബാക്കിവെച്ച്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ